വൈറസുകളുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുന്ന പ്രധാന വസ്തുത മിക്ക കമ്പ്യൂട്ടര്‍ വൈറസുകളും മൈക്രോസോഫ്റ്റ് വിന്‍ഡോസിനെ ലക്ഷ്യമാക്കി നിര്‍മിക്കപ്പെട്ടവയാണ്. മറ്റു പ്രധാന ഒപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ലിനക്‌സിനെയും മാക്കിനെയും ഗുരുതരമായി ബാധിക്കപ്പെട്ട ഒരു വൈറസുപോലും കണ്ടെത്തിയിട്ടില്ല.
വൈറസുകള്‍ എന്തുകൊണ്ട് വിന്‍ഡോസിനെ കൂടുതല്‍ ലക്ഷ്യമാക്കുന്നു?
ഏറ്റവുമധികം പ്രചാരമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം. വൈറസ് പ്രോഗ്രാമര്‍മാര്‍ വിന്‍ഡോസിനെ ലക്ഷ്യമാക്കുന്നതിനു പ്രധാന കാരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, വിന്‍ഡോസിന് മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളേക്കാള്‍ പതിന്മടങ്ങുള്ള പ്രചാരമുണ്ട് എന്നതാണ്.
ഗ്രാഫ് കടപ്പാട്: വിക്കിമീഡിയ
2011 മാര്‍ച്ചിലെ കണക്കനുസരിച്ച് 80 ശതമാനത്തില്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ പതിപ്പുകളാണ്. അതുകൊണ്ടു തന്നെ വിന്‍ഡോസിനെ ലക്ഷ്യമാക്കി വൈറസുകള്‍ നിര്‍മിക്കുന്നതാണ് കൂടുതല്‍ 'ലാഭകരം'! ഇതു ഒരു വാദത്തിനു വേണ്ടി പറയാമെങ്കിലും വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ഘടനാപരമായ കുഴപ്പങ്ങളാണ് വൈറസ് പ്രോഗ്രാമര്‍മാരുടെ ജോലി കൂടുതല്‍ എളുപ്പമാക്കുന്നത് എന്നാണ് വിലയിരുത്തല്‍.
വിന്‍ഡോസ് നിര്‍മിക്കപ്പെട്ടതുതന്നെ വ്യക്ത്യാധിഷ്ഠിത ഉപയോഗത്തിനു ഊന്നല്‍ നല്‍കിയായിരുന്നു. സുരക്ഷയ്ക്കുപരിയായി ഉപയോഗക്രമത്തിനാണ് വിന്‍ഡോസ് പ്രാധാന്യം നല്‍കിയത്. അതുകൊണ്ടു തന്നെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ഒരു പ്രോഗ്രാം തുറക്കുമ്പൊഴോ പകര്‍ത്തുമ്പൊഴോ യഥാര്‍ത്ഥത്തില്‍ പിന്നാമ്പുറത്ത് എന്താണ് നടക്കുന്നതെന്ന് ഒരിക്കലും അറിയാന്‍ കഴിയുന്നില്ല. മാത്രമല്ല മിക്കവാറും എല്ലാ വിന്‍ഡോസ് ഉപയോക്താക്കളും അഡ്മിന്‍സ്‌ട്രേറ്റര്‍ അക്കൗണ്ടോ, അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആനുകൂല്യമുള്ള അക്കൗണ്ടുകളോ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. മാത്രമല്ല, പലപ്പോഴും 'അഡ്മിനിസ്‌ട്രേറ്റര്‍' എന്ന സൂപ്പര്‍ യൂസറിന് പാസ്‌വേഡ് നല്‍കാറും ഇല്ല.
അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യാമെങ്കില്‍ വൈറസും ഇന്‍സ്റ്റാള്‍ ചെയ്യാമല്ലോ. പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുന്നത് അറിഞ്ഞുകൊണ്ടാണെങ്കില്‍ വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് അറിയാതെയായിരിക്കും എന്ന ഒരു വ്യത്യാസമേയുള്ളൂ. കഴിഞ്ഞ ഭാഗങ്ങളില്‍ പ്രതിപാദിച്ച ആദ്യകാല വൈറസ്സുകളില്‍ മിക്കവയും പടര്‍ന്നത് ഈമെയില്‍ അറ്റാച്ച്‌മെന്റുകള്‍ വഴിയായിരുന്നു. അതായത് ഉപയോക്താക്കളെ കബളിപ്പിച്ച് അവരുടെ പൂര്‍ണ അനുവാദത്തോടെത്തന്നെ വൈറസുകള്‍ കമ്പ്യൂട്ടറുകളിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു. പക്ഷേ, ഇന്ന് അറ്റാച്ച്‌മെന്റുകളായി ഇത്തരം പ്രോഗ്രാമുകള്‍ അയയ്ക്കാന്‍ കഴിയാത്തതിനാല്‍ ഇത്തരം ഭീഷണി അധികം വിലപ്പോകാറില്ല.
പല വിന്‍ഡോസ് വൈറസുകളും ഉപയോക്താക്കളുടെ അജ്ഞതയും അശ്രദ്ധയും മുതലെടുത്താണ് കടന്നു കൂടൂന്നതെങ്കിലും, പല വൈറസുകലും വിന്‍ഡോസിലെ സുരക്ഷാ പഴുതുകള്‍ മുതലെടുക്കുന്നു. ഏതു ജോലി ചെയ്യുന്നതിനും അല്‍പ്പസ്വല്‍പ്പം പരിചയവും അനുഭവജ്ഞാനവും ഒക്കെ വേണം. അതില്ലാതെ ചെയ്യുന്ന ജോലികളില്‍ കുഴപ്പങ്ങളും അപകടങ്ങളും സ്വാഭാവികം. വിന്‍ഡോസ് ഒരു 'റെഡി ടൂ യൂസ്' ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. പ്രത്യേകിച്ച് വലിയ കമ്പ്യൂട്ടര്‍ പരിജ്ഞാനമൊന്നും ഇല്ലാതെത്തന്നെ ഏതൊരാള്‍ക്കും വിന്‍ഡോസില്‍ കയ്യാങ്കളികള്‍ നടത്താന്‍ കഴിയും. ഏതു കുട്ടിക്കും ഉപയോഗിക്കാന്‍ കഴിയത്തക്ക വിധം ലളിതമായ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസാണ് വിന്‍ഡോസിനെ ഇത്ര ജനപ്രിയമാക്കിയത്.
വിന്‍ഡോസ് പതിപ്പുകള്‍
വിന്‍ഡോസ് 95 നും വിന്‍ഡോസ് 7 നും ഇടയ്ക്ക് മൈക്രോസോഫ്റ്റ് അനേകം പതിപ്പുകള്‍ ഇറക്കി. ഇവയില്‍ മിക്കതും മുന്‍പതിപ്പുകളുടെ തുടര്‍ച്ചയും മുന്‍പതിപ്പുകളില്‍ ഉപയോഗിച്ചിരുന്ന പ്രോഗ്രാമുകള്‍ തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയുന്നവയും ആയിരുന്നു. വിപണി നഷ്ടപ്പെടാതിരിക്കാനും പുതിയ പതിപ്പുകള്‍ക്ക് കൂടൂതല്‍ പ്രചാരം ലഭിക്കാനും വേണ്ടിയാണെന്ന് പറയാമെങ്കിലും ഇതുമൂലമുണ്ടായിട്ടുള്ള സുരക്ഷാ പഴുതുകള്‍ ചില്ലറയല്ല. 'വിന്‍ഡോസ് വിസ്ത'യ്ക്കു ശേഷമാണ് മൈക്രോസോഫ്റ്റ് കളം മാറ്റിച്ചവിട്ടാന്‍ തുടങ്ങിയത്.
വിന്‍ഡോസ് അഡ്മിനിസ്‌ട്രേറ്റര്‍ യൂസര്‍
ഒരു വിന്‍ഡോസ് കമ്പ്യൂട്ടറില്‍ എന്ത് കയ്യാങ്കളിയും നടത്താന്‍ അവകാശവും അധികാരവും ഉള്ള യൂസര്‍ ആണ് അഡ്മിനിസ്‌ട്രേറ്റര്‍. എല്ലാ വിന്‍ഡോസ് കമ്പ്യൂട്ടറുകളിലും 'അഡ്മിന്‍സ്‌ട്രേറ്റര്‍' എന്ന പേരിലുള്ള ഒരു യൂസറും, 'അഡ്മിനിസ്‌ട്രേറ്റര്‍' അധികാരങ്ങള്‍ പകര്‍ന്നു കിട്ടിയ ചുരുങ്ങിയ ഒരു യൂസറുമെങ്കിലും ഉണ്ടായിരിക്കും. അതായത് വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന അവസരത്തില്‍ തന്നെ ആദ്യം നല്‍കുന്ന പേരില്‍ അഡ്മിനിസ്‌ട്രേറ്റര്‍ അധികാരങ്ങളുള്ള ഒരു അക്കൗണ്ട് സൃഷ്ടിക്കപ്പെടുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ക്കോ അഡ്മിനിസ്‌ട്രേറ്റര്‍ യൂസര്‍ക്കോ പാസ്‌വേഡ് വേണം എന്ന നിര്‍ബന്ധമൊന്നും വിന്‍ഡോസിലില്ല. വിന്‍ഡോസ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ അധികവും ഇത്തരത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ യൂസര്‍ അക്കൗണ്ട് പാസ്‌വേഡ് ഇല്ലാതെ കിടക്കുകയാണ് പതിവ്. വര്‍ഷങ്ങളേറെയായിട്ടും അനേകം പതിപ്പുകള്‍ ഇറക്കിയിട്ടും മൈക്രോസോഫ്റ്റ് ഇതില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ലോകത്ത് ഏറ്റവുമധികം പ്രചാരം നേടിയ വിന്‍ഡോസ് പതിപ്പായ എക്‌സ്പി തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ വൈറസ് ആക്രമണങ്ങള്‍ക്ക് വിധേയമായ ഓപ്പറേറ്റിംഗ് സിസ്റ്റവും. ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട മൈക്രോസോഫ്റ്റ് തങ്ങളുടെ അടുത്ത പതിപ്പായ വിസ്തയില്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുകയുണ്ടായി. പക്ഷേ വിന്‍ഡോസ് എക്‌സ്പി ഉപയോഗിച്ചു ശീലിച്ചവര്‍ക്ക് അതത്ര ദഹിക്കുകയുണ്ടായില്ല. 'യൂസര്‍ അക്കൗണ്ട് കണ്‌ട്രോള്‍' എന്ന പേരില്‍ ഒരു പോപ്പപ് സിസ്റ്റം വഴി ഉപയോക്താക്കളെ വെറുപ്പിക്കാന്‍ മാത്രമേ ഇതിനു കഴിഞ്ഞുള്ളു. അതായത് ഏതു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്‍പും കമ്പ്യൂട്ടര്‍ സെറ്റിംഗുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനു മുന്‍പും അത് ഉറപ്പു വരുത്തുന്നതിനായി ഒരു പോപ്പപ് ബോക്‌സ് പ്രത്യക്ഷപ്പെടുന്നു. അഡ്മിനിസ്‌ട്രേറ്ററോ അഥവാ അഡ്മിനിസ്‌ട്രേറ്റര്‍ ആനുകൂല്യമില്ലാത്ത യൂസറോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പാസ്‌വേഡ് നല്‍കേണ്ടത് അനിവാര്യമായി വരുന്നു. പക്ഷേ, പലരും ഈ ഫീച്ചര്‍ ഡിസേബിള്‍ ചെയ്യുകയാണുണ്ടായത്. വിന്‍ഡോസ് എക്‌സ്പി വര്‍ഷങ്ങളായി ശീലമാക്കിയവര്‍ക്ക് അധികമായി വേണ്ടിവരുന്ന ഒരു 'ക്ലിക്കും' പാസ്‌വേഡ് ഉപയോഗവും ഒന്നും അത്ര എളുപ്പത്തില്‍ ദഹിക്കുന്നതായിരുന്നില്ല.
മാത്രമല്ല സുരക്ഷ അടിസ്ഥാനമാക്കിപ്പറഞ്ഞാലും യു എ സി അത്ര ഫലപ്രദം ആയിരുന്നില്ല. കാരണം ഒരു സാധാരണ വിന്‍ഡോസ് ഉപയോക്താവിന് ഭീഷണികളെ തിരിച്ചറിയാന്‍ ആകുന്നില്ല എന്നതു തന്നെയാണ്. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നിങ്ങള്‍ സൗജന്യമായി ലഭിക്കുന്ന ഒരു സ്‌ക്രീന്‍ സേവറിനായി 'free screen saver' എന്ന് ഗൂഗിളില്‍ പരതുന്നു. അപ്പോള്‍ ലഭിച്ചേക്കാവുന്ന ലിങ്കില്‍ അമര്‍ത്തി ഒരു സൈറ്റിലേക്കെത്തുന്നു തുടര്‍ന്ന് പ്രസ്തുത സൈറ്റില്‍ നിന്നും സ്‌ക്രീന്‍ സേവര്‍ എന്ന പേരില്‍ കിട്ടുന്ന സോഫ്ട്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ഈ അവസരത്തിലും വിന്‍ഡോസ് മുന്നറിയിപ്പുകള്‍ ഒക്കെ നല്‍കിയേക്കാം. പക്ഷേ അതൊക്കെ മറികടന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പാസ്‌വേഡും നല്‍കി ഇന്‍സ്റ്റാള്‍ ചെയ്താലോ? മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഇതു തന്നെയാണ് സംഭവിക്കാറ്. സ്‌ക്രീന്‍ സേവര്‍ എന്ന പേരില്‍ കിട്ടിയ സോഫ്ട്‌വേര്‍ ഒരുപക്ഷേ വൈറസ് ആയേക്കാം. വിന്‍ഡോസിലെ പ്രോഗ്രാമുകള്‍ .exe. .scr. .com തുടങ്ങിയ എക്സ്റ്റന്‍ഷനുകളില്‍ അവസാനിക്കുന്നവയാണ് ഇവയുടെ ഇന്‍സ്റ്റലേഷനാണെങ്കിലോ വിരല്‍ ഞൊടിക്കുന്നതിനേക്കാള്‍ എളുപ്പവും. 'Next', 'Next' ബട്ടനുകള്‍ തുടരെത്തുടരെ അമര്‍ത്തി പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മിക്കവാറും വിന്‍ഡോസ് ഉപയോക്താക്കള്‍ മുന്നറിയിപ്പുകള്‍ ഒന്നും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം.
വിന്‍ഡോസിന്റെ സോഴ്‌സ് കോഡ് പരസ്യമല്ല. വിന്‍ഡോസ് അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകള്‍ ഉണ്ടാക്കാനുള്ള വിവരങ്ങള്‍ മാത്രമേ ലഭ്യമായുള്ളു. സുരക്ഷാപഴുതുകള്‍ പരിശോധിക്കുന്നതും അവ അടയ്ക്കുന്നതും മൈക്രോസോഫ്റ്റിന്റെ തൊഴിലാളികള്‍ ആണ്. ഇവരുടെ എണ്ണം താരതമ്യേന കുറവായതിനാല്‍ ഇതിനായി കൂടൂതല്‍ കാലതാമസം എടുക്കുന്നു.
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അനേകം പ്രോഗ്രാമുകള്‍ പരസ്പരം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവയാണ്. അതിനാല്‍ ഇതില്‍ ഏതെങ്കിലും ഒന്നിലുള്ള സുരക്ഷാ പിഴവുകള്‍ മറ്റുള്ളവയേയും ഗുരുതരമായി ബാധിക്കുന്നു. ആദ്യകാലങ്ങളില്‍ ലോകത്തെമ്പാടുമുള്ള വിന്‍ഡോസ് കമ്പ്യൂട്ടറുകളിലേയ്ക്കുള്ള വൈറസ് സംക്രമണത്തിന്റെ ഒരു മുഖ്യ കാരണമായി പ്രവര്‍ത്തിച്ചത് വിന്‍ഡോസ് ഡെസ്‌ക്ടോപ് ഈമെയില്‍ സോഫ്ട്‌വേറുകളായ ഔട്‌ലുക് എക്‌സ്പ്രസ്, ഔട്‌ലുക് തുടങ്ങിയവയില്‍ സുരക്ഷാപാളിച്ചകള്‍ ആയിരുന്നു. അതായത് ഇവയുടെ മുന്‍ പതിപ്പുകളിലൂടെ എക്‌സിക്യൂട്ടബിള്‍ ഫയലുകള്‍ അറ്റാച്ചുചെയ്ത് ഈമെയിലായി അയയ്ക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ ഇത് തടയപ്പെട്ടിരിക്കുന്നു എങ്കിലും ചില വൈറസുകള്‍ ഇതിനെയും ചില പഴുതുകളിലൂടെ മറികടക്കാറുണ്ട്.
വിന്‍ഡോസ് അപ്‌ഡേറ്റുകള്‍
വിന്‍ഡോസിലെ സുരക്ഷാപഴുതുകള്‍ അടയ്ക്കാനായി സമയാസമയങ്ങളില്‍ സുരക്ഷാപതിപ്പുകള്‍ പുറത്തിറക്കാറുണ്ട്. പക്ഷേ ഇവ ഉപയോഗപ്പെടുത്തുന്നവര്‍ വളരെ കുറവാണ്. കാരണം-
1. വിന്‍ഡോസിന്റെ വ്യാജകോപ്പികള്‍ - വിന്‍ഡോസ് ഒരു സൗജന്യ സോഫ്ട്‌വേര്‍ അല്ലാത്തതിനാല്‍, വലിയൊരു വിഭാഗം കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ വിന്‍ഡോസിന്റെ വ്യാജ പതിപ്പുകളാണ് ഉപയോഗിക്കുന്നത്. വ്യാജ പതിപ്പുകളില്‍ സുരക്ഷാ അപ്‌ഡേറ്റുകല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകില്ല. ഇന്റര്‍നെറ്റിലൂടെ വ്യാജപതിപ്പുകള്‍ എളുപ്പം പിടിക്കപ്പെടും എന്നതിനാല്‍ സാധാരണയായി ഇത്തരത്തിലുള്ള വ്യാജ വിന്‍ഡോസ് ഉപയോഗിയ്ക്കുന്നവര്‍ ഓട്ടോമാറ്റിക് അപ്‌ഡേറ്റുകള്‍ ഓഫ് ആക്കിയിടാറാണ് പതിവ്.
2. ഇന്റര്‍നെറ്റ് കണക്ഷന്റെ അഭാവം- വിന്‍ഡോസ് അപ്‌ഡേറ്റുകള്‍ ഇന്റര്‍നെറ്റിലൂടെയാണ് തത്സമയം ലഭ്യമാക്കപ്പെടുന്നത്. മൂന്നാം ലോകരാജ്യങ്ങളിലാകട്ടെ ഇന്നും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വേണ്ട രീതിയില്‍ ലഭ്യമല്ല.
ഓട്ടോറണ്‍ എന്ന വില്ലന്‍
ഫ് ളോപ്പി, സിഡി, പെന്‍ഡ്രൈവ് തുടങ്ങിവയിലൂടെയുള്ള വൈറസ് ആക്രമണത്തിന് ഏറ്റവും കൂടുതല്‍ കാരണമായ ഒരു വിന്‍ഡോസ് ഫീച്ചറാണ് ഓട്ടോറണ്‍. നീക്കം ചെയ്യാവുന്ന ഡ്രൈവുകള്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുമ്പോള്‍ ഏതു പ്രോഗ്രാമാണ് ആദ്യം പ്രവര്‍ത്തിക്കേണ്ടത് എന്നുള്ള വിവരം നല്‍കുന്ന ഒരു ചെറിയ ഫയലണ് Autorun.inf. പലരും ഓട്ടോറണ്ണിനെ ഒരു വൈറസ് ആയി തെറ്റിദ്ധരിക്കാറുണ്ട്. Autorun.inf. പ്രോഗ്രാമുകളുടെ ഇന്‍സ്റ്റാലേഷന്‍ പ്രക്രിയ കൂടുതല്‍ എളുപ്പമാക്കാനാണ് ഈ ഫീച്ചര്‍ തയ്യാറാക്കിയതെങ്കിലും, ഉപയോക്താക്കളറിയാതെ ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് നിശബ്ദമായ വൈറസ് സംക്രമണത്തിന് ഏറ്റവും കൂടുതല്‍ വഴിയൊരുക്കിയതും ഇതുതന്നെയാണ്.
സ്വാഭാവികമായും വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ സിഡി, ഫ് ളോപ്പി, യു എസ് ബി ഡ്രൈവ് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആദ്യം പരിശോധിക്കുക Autorun.inf. എന്ന ഫയല്‍ ഉണ്ടോ എന്നാണ്. ഉണ്ടെങ്കില്‍ പ്രസ്തുത ഫയലിലുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ പ്രോഗ്രാം സ്വയമേവ തുറക്കപ്പെടുന്നു. ഈ ഉദാഹരണം ശ്രദ്ധിയ്ക്കുക.
[autorun]
open=autorun.exe
icon=autorun.ico
ഇത് ലളിതമായ ഒരു ഓട്ടോറണ്‍ ഫയലിന്റെ ഉള്ളടക്കമാണ്. അതായത് ഈ ഫയല്‍ ഉള്ള ഒരു പെന്‍െ്രെഡവ് കമ്പ്യൂട്ടറുമായി ഘടിപ്പിക്കുമ്പോള്‍ പ്രസ്തുത ഡ്രൈവിലുള്ള autorun.exe എന്ന പ്രോഗ്രാം സ്വയമേവ തുറക്കപ്പെടുന്നു. സാധാരണഗതിയില്‍ വൈറസ് സംക്രമണത്തിനായി വൈറസുകളും അതിനോടു ബന്ധപ്പെട്ട ഓട്ടോറണ്‍ ഫയലും മറഞ്ഞിരിക്കുകയാണ് പതിവ്. അതായത് വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകളില്‍ ബന്ധിക്കപ്പെട്ട പെന്‍െ്രെഡവുകളിലേക്കും മറ്റും വൈറസ് പ്രോഗ്രാമും ഒട്ടോറണ്ണും ഉപയോക്താക്കള്‍ അറിയാതെ തന്നെ സ്വയമേവ നിശ്ശബ്ദമായി പകര്‍ത്തപ്പെടുന്നു. പിന്നീട് മറ്റൊരു കമ്പ്യൂട്ടറില്‍ പ്രസ്തുത െ്രെഡവ് തുറക്കുമ്പോള്‍ ഓട്ടോറണ്‍ ഫയല്‍ മുഖേന വൈറസ് അതിലേക്കും ബാധിക്കുന്നു.
ഓട്ടോറണ്‍ ഫീച്ചര്‍ ഡിസേബിള്‍ ചെയ്യാനുള്ള രീതികള്‍ മൈക്രോസോഫ്റ്റിന്റെ ഈ പേജില്‍ ലഭ്യമാണ്. വിന്‍ഡോസ് വിസ്തയ്ക്കു മുന്‍പു വരെയുള്ള പതിപ്പുകളില്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ സിഡികളില്‍ നിന്നും മറ്റും ഓട്ടോറണ്ണിലൂടെ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാളാകുമായിരുന്നു. കോണ്‍ഫിക്കര്‍ തുടങ്ങിയ അപകടകരങ്ങളായ വൈറസുകള്‍ ഇത്തരത്തിലായിരുന്നു യു എസ് ബി ഡ്രൈവിലൂടെ പടര്‍ന്നിരുന്നത്.
മൈക്രോസോഫ്റ്റിന് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്ന ഒട്ടോറണ്‍ ഭീഷണി ഫലപ്രദമായി ഒഴിവാക്കാന്‍ കഴിഞ്ഞത് അടുത്ത കാലത്താണ്. വിന്‍ഡോസ് 7 പുറത്തിറക്കിയ അവസരത്തിലാണ് മൈക്രോസോഫ്റ്റ് ഓട്ടോറണ്‍ മൂലമുണ്ടായ പൊല്ലാപ്പുകള്‍ തുറന്നു സമ്മതിച്ചത്. വിന്‍ഡോസ് 7 ല്‍ പ്രധാനമായും രണ്ടു മാറ്റങ്ങളാണ് വരുത്തിയത്, ഒന്ന് സിഡി ഡിവിഡി ഡ്രൈവുകളിലൊഴികെ ഓട്ടോപ്ലേ ഫീച്ചര്‍ സാദ്ധ്യമല്ലാതാക്കി. അതായത് പ്രോഗ്രാമുകള്‍ ഓട്ടോറണ്‍ വഴി സ്വയം ഇന്‍സ്റ്റാള്‍ ആകുകയില്ല. രണ്ടാമതായി എക്‌സിക്യൂട്ടബിള്‍ പ്രോഗ്രാമുകളുടെ സാന്നിധ്യം ഒരു പൊപ്പപ് ഡയലോഗ് ബോക്‌സിലൂടെ ദൃശ്യമാക്കുന്നു. ഇതു വഴി അപകട ഭീഷണി മനസ്സിലാക്കാന്‍ കഴിയുന്നു. വിന്‍ഡോസ് 7 ല്‍ ഈ ഫീച്ചര്‍ ഫലപ്രദമായിക്കണ്ടതിനാല്‍ ഒരു അപ്‌ഡേറ്റിലൂടെ മറ്റു വിന്‍ഡോസ് പതിപ്പുകളിലും ഇത് ലഭ്യമാക്കിയിരുന്നു.
ലിനക്‌സില്‍ നിന്ന് വിന്‍ഡോസ് വ്യത്യസ്തമാകുന്നത്
ഡോമിനിക് ഹംഫ്രിസ് എഴുതിയ 'ലിനക്‌സ് എന്തുകൊണ്ട് വിന്‍ഡോസ് അല്ല' എന്ന ലേഖനം ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടൂതല്‍ ചര്‍ച്ച ചെയ്യപ്പെട്ടവയില്‍ ഒന്നാണ്. പ്രസ്തുത ലേഖനത്തിലെ ഒരു ഭാഗമായ കാര്‍, ബൈക് താരതമ്യം വളരെ രസകരമാണ്. കാറും ബൈക്കും വാഹനങ്ങളാണ് (ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍) രണ്ടും ഒരേ റോഡിലൂടെത്തന്നെ സഞ്ചരിക്കുന്നു (ഹാര്‍ഡ്‌വേര്‍), ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് എത്തിക്കുക എന്നതുതന്നെയാണ് അടിസ്ഥാന ധര്‍മം (ആപ്ലിക്കേഷന്‍ സോഫ്ട്‌വേര്‍). ഒരു വിന്‍ഡോസ് പതിപ്പില്‍ നിന്നും മറ്റൊരു വിന്‍ഡോസ് പതിപ്പിലേക്ക് മാറുന്നത് ഒരു കാര്‍ മോഡലില്‍ നിന്നും മറ്റൊരു കാര്‍ മോഡലിലേയ്ക്കു മാറുന്നതുപോലെയാണ്. പക്ഷേ വിന്‍ഡോസില്‍ നിന്നും ലിനക്‌സിലേയ്ക്കു മാറുന്നതാകട്ടേ കാറില്‍ നിന്നും ബൈക്കിലേക്കോ അല്ലെങ്കില്‍ ബൈക്കില്‍ നിന്നും കാറിലേയ്ക്കും മാറുന്നതിനു സമവും.
ആദ്യമായി വിന്‍ഡൊസിനെ കാറായും ലിനക്‌സിനെ ബൈക് ആയും കരുതിയാല്‍, കാറില്‍ വാതിലുകളുണ്ട് (വൈറസ്സുകള്‍) അതിനാല്‍ മോഷണവും കടന്നുകയറ്റവും തടയാന്‍ പൂട്ട് (ആന്റി വൈറസ്) അനിവാര്യമാണ്. എന്നാല്‍ ബൈക്കില്‍ വാതിലുകളില്ലാത്തതിനാല്‍ പൂട്ടിന്റെ ആവശ്യമില്ല.
ഇനി വിന്‍ഡോസിനെ ബൈക്ക് ആയും ലിനക്‌സിനെ കാര്‍ ആയും കരുതിയാല്‍
കാര്‍ (ലിനക്‌സ്) ഒന്നിലധികം യാത്രക്കാരെ ഉദ്ദേശിച്ച് നിര്‍മിച്ചിട്ടുള്ളതാണ്. ബൈക്ക് (വിന്‍ഡോസ്) ആകട്ടെ ഒരാളെ മാത്രം ഉദ്ദേശിച്ചും. ബൈക്ക് യാത്രക്കാരനാണ് (വിന്‍ഡോസ് യൂസര്‍) വാഹനത്തിലുള്ള പൂര്‍ണ നിയന്ത്രണം. എന്നാല്‍ കാറിന്റെ കാര്യത്തിലാകട്ടെ യാത്രക്കാരന് (ലിനക്‌സ് യൂസര്‍) വാഹന നിയന്ത്രണം സാദ്ധ്യമാകണമെങ്കില്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കണം (റൂട്ട് യൂസര്‍ ആയി ലോഗിന്‍ ചെയ്യണം). മറ്റുള്ളവെരെല്ലാം സഹയാത്രികര്‍ മാത്രം.
ഈ രണ്ടു ഉദാഹരണങ്ങളിലും കാറും ബൈക്കും (ലിനക്‌സും വിന്‍ഡോസും) ചെയ്യുന്നത് ഒരേ ജോലി തന്നെയാണെങ്കിലും വ്യത്യസ്ത രീതിയിലൂടെയാണ് അതെന്നു മാത്രം. അതിനാല്‍ ഇതിനു രണ്ടിനും പൊതുവായ ഒരുപാട് കാര്യങ്ങളുണ്ട്. അതായത് കാറിലായാലും ബൈക്കിലായാലും ഒരേ റോഡിലൂടെത്തന്നെ സഞ്ചരിക്കണം, ട്രാഫിക് നിയമങ്ങളും ഒരുപോല ബാധകം.
വിന്‍ഡോസ് മാത്രം ഉപയോഗിച്ചു ശീലിച്ച ഒരു കമ്പ്യൂട്ടര്‍ ഉപയോക്താവിന്, ലീനക്‌സിലേയ്ക്കുള്ള മാറ്റം കാറില്‍ നിന്നും ബൈക്കിലേയ്‌ക്കോ അഥവാ തിരിച്ചോ മാറുന്നതുപോലെ ആയിരിക്കും. എങ്കിലും പുതിയ ഉബുണ്ടു, ഫെഡൊര, നോപ്പിക്‌സ് തുടങ്ങിയ ജനപ്രിയ ലിനക്‌സ് പതിപ്പുകള്‍ ഒരു െ്രെഡവിംഗ് സ്‌കൂള്‍ എന്നതുപോലെ ലിനക്‌സ് പഠനം കൂടുതല്‍ എളുപ്പമാക്കുന്നു.
ഓപ്പണ്‍ സോഴ്‌സ്
ഒരു സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താവിന് സ്വാഭാവികമായുണ്ടായേക്കാവുന്ന സംശയമാണിത്. ലിനക്‌സിന്റെ കോഡ് പരസ്യമല്ലേ? ഇത് വൈറസ് ഉണ്ടാക്കുവാന്‍ കൂടുതല്‍ സഹായകരം ആകുകയല്ലേ? പക്ഷേ ഓപ്പണ്‍ സോഴ്‌സ് ആയതുകൊണ്ടുതന്നെ ലീനക്‌സിലെ സുരക്ഷാപഴുതുകളൂം മറ്റു ഭീഷണികളും വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കപ്പെടുകയും തടയപ്പെടുകയും ചെയ്യുന്നു. നമ്മള്‍ രാത്രികാലങ്ങളില്‍ വീടിനു ചുറ്റും ലൈറ്റ് ഓണ്‍ ചെയ്തിടുന്നതെന്തിനാണ്. കള്ളന്മാര്‍ക്ക് നല്ല വെളിച്ചത്തില്‍ മോഷണം നടത്തുവാന്‍ സൗകര്യമൊരുക്കാനല്ലല്ലോ? അതേ സൈക്കോളജി തന്നെ ഓപ്പണ്‍ സോഴ്‌സിലും പ്രാവര്‍ത്തികമാകുന്നു. ലിനക്‌സിന്റെ കോഡ് ഓപ്പണ്‍ ആയതിനാല്‍ ലോകത്തെമ്പാടുമുള്ള ലിനക്‌സ് പ്രോഗ്രാമര്‍മാര്‍ക്ക് ഇതിലുണ്ടാകുന്ന കുറ്റവും കുറവുകളും കടന്നു കയറ്റങ്ങളും വളരെ എളുപ്പത്തില്‍ കണ്ടെത്താനും അവയെ പ്രതിരോധിക്കാനും കഴിയുന്നു.
ലിനക്‌സ് വൈറസുകള്‍
യുണിക്‌സ് എന്ന മള്‍ട്ടി യൂസര്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ചുവടുപിടിച്ച് പുറത്തിറങ്ങിയ ലിനക്‌സ് ഇക്കാലത്ത് വളരെ വേഗത്തില്‍ പ്രചാരമേറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഒരു സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഇന്നും കമ്പ്യൂട്ടറീന്റെ ബാലപാഠങ്ങള്‍ തുടങ്ങുന്നത് വിന്‍ഡോസില്‍ നിന്നു തന്നെയാണെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ലോകത്ത് 80 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസിനെ എന്തു കാരണം പറഞ്ഞാണെങ്കിലും അവഗണിക്കുക പ്രയാസമാണ്.
ലീനക്‌സ് ഉപയോക്താക്കളില്‍ അധികവും ചുരുങ്ങിയത് കമ്പ്യൂട്ടര്‍ സോഫ്ട്‌വേറുകളെയും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും ഒക്കെയുള്ള സാമാന്യ ബോധമെങ്കിലും ഉള്ളവര്‍ ആണെന്നത് ഒരു വസ്തുതയാണ്. അതിനാല്‍ തന്നെ ലിനക്‌സ് ഉപയോക്താക്കെളേയും വിന്‍ഡോസ് ഉപയോക്താക്കളേയും ഒരേ ത്രാസില്‍ തുലനം ചെയ്യാനാകില്ല.
ലിനക്‌സ് 100 ശതമാനം വൈറസ് മുക്തമാണെന്ന് പറയാനാകില്ല. എങ്കിലും വിന്‍ഡൊസിനെ അപേക്ഷിച്ച് വളരെ കുറച്ചു വൈറസുകള്‍ മാത്രമാണ് ലിനക്‌സിനെ ആക്രമിച്ചിട്ടുള്ളത്. ലീനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. എങ്കിലും വിനാശകാരിയായ ഒരു ലീനക്‌സ് വൈറസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. വളരെ സജീവമായ ഒരു കൂട്ടായ്മയുടെ ഫലമായി പ്രധാന ലീനക്‌സ് വൈറസുകളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ലിനക്‌സ് വൈറസുകളെ പ്രതിരോധിക്കുന്നത്
വിന്‍ഡോസില്‍ നിന്ന് വ്യത്യസ്തമായി ലീനക്‌സിന്റെ ഉത്ഭവം തന്നെ ഒന്നില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്കു വേണ്ടിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമായ യുണിക്‌സില്‍ നിന്നായിരുന്നു. അതായത് ഒന്നില്‍ കൂടൂതല്‍ പേര്‍ ഒരേ ഓപ്പറെറ്റിംഗ് സിസ്റ്റം ഉപയോഗിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും പ്രത്യേകം അവകാശങ്ങളും ആനുകൂല്യങ്ങളും നിര്‍വ്വചിക്കേണ്ടത് അത്യാവശ്യമാണ്. ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ 'റൂട്ട്' (വിന്‍ഡോസിലെ അഡ്മിന്‍സിട്രേറ്റര്‍) യൂസര്‍ ആണ് കമ്പ്യൂട്ടറില്‍ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും മറ്റു മാറ്റങ്ങള്‍ വരുത്തുവാനും അനുവാദമുള്ളയാള്‍ മാത്രമല്ല, റൂട്ട് യൂസര്‍ക്ക് പാസ്‌വേഡ് നിര്‍ബന്ധവുമാണ്. അതുകൊണ്ടു തന്നെ വൈറസുകളും മറ്റു ദുഷ്ടപ്രോഗ്രാമുകളും അനുവാദമില്ലാതെ കടന്നു കൂടുവാന്‍ കഴിയില്ല. റൂട്ട് യൂസര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത്തരത്തില്‍ ലീനക്‌സ് കമ്പ്യൂട്ടറില്‍ മാറ്റങ്ങള്‍ വരുത്തുവാനോ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനോ കഴിയില്ല.
പക്ഷേ ഇതു കൊണ്ടു മാത്രം ലിനക്‌സ് ഉപയോഗിച്ചാ ഒട്ടും തന്നെ വൈറസ് ശല്ല്യം ഉണ്ടാകില്ല എന്നു പറയാനാകുമോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. ലീനക്‌സിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് പക്ഷേ വിന്‍ഡോസിനെ അപേക്ഷിച്ച് വിരലിലെണ്ണാവുന്നവയാണ് ലിനക്‌സ് വൈറസുകള്‍. മാത്രമല്ല അവയെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാനും കഴിഞ്ഞിട്ടുണ്ട്.
ഉബുണ്ടു, ഫെഡോറ, മാന്‍ഡ്രീവ, നോപ്പിക്‌സ് തുടങ്ങിയ ഗ്‌നു ലിനക്‌സ് പതിപ്പുകളുടെ വന്‍ പ്രചാരം വൈറസ് പ്രോഗ്രാമര്‍മാരെ ലീനക്‌സിലേയ്ക്കും ആകര്‍ഷിച്ചിട്ടുണ്ട്.
വിന്‍ഡോസിനെപ്പോലെ കൂടുതല്‍ പേര്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ലിനക്‌സിന്റെ സ്ഥിതിയും വ്യത്യസ്തമായിരിക്കില്ലെന്ന് പല ആന്റിവൈറസ് കമ്പനികളുടെ വക്താക്കളും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും വിന്‍ഡോസ് വെബ് സെര്‍വ്വറുകളേക്കാള്‍ പ്രചാരമുള്ള അപ്പാച്ചെ സെര്‍വ്വറുകളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി ലീനക്‌സ് ആരാധകര്‍ ഈ വാദം ഖണ്ഡിക്കുന്നു. വിന്‍ഡോസ് ഐ ഐ എസ് സെര്‍വ്വറുകളേ അപേക്ഷിച്ച് ലിനക്‌സ്/യുണിക്‌സ് സെര്‍വ്വറുകള്‍ വളരെ സുരക്ഷിതമാണ്.
ചില പ്രമുഖ ലിനക്‌സ് വൈറസുകളെ പരിചയപ്പെടാം
സ്‌റ്റോഗ്
(Staog)
1996 ല്‍ കണ്ടെത്തിയ സ്‌റ്റോഗ് ആണ് ആദ്യത്തെ ലിനക്‌സ് വൈറസ്. ലിനക്‌സിന്റെ സുരക്ഷാ ഭിത്തികളെയൊക്കെ ഭേദിച്ച് കടന്നു കൂടാന്‍ സ്‌റ്റോഗിന് കഴിഞ്ഞു എന്നതാണ് സത്യം. ലീനക്‌സ് കെര്‍ണലില്‍ ഉണ്ടായിരുന്ന ചില സുരക്ഷാപിഴവുകളാണ് ഈ വൈറസ് ഉപയോഗപ്പെടുത്തിയത്. VLAD എന്ന ആസ്‌ട്രേലിയന്‍ ഹാക്കിംഗ് ഗ്രൂപ്പാണ് സ്‌റ്റോഗ് വൈറസ് പ്രോഗ്രാം തയ്യാറാക്കിയത്. കാര്യമായ കുഴപ്പങ്ങളൊന്നും വരുത്തിവക്കാനായില്ലെങ്കിലും, ലീനക്‌സ് വൈറസുകള്‍ക്കതീതമാണെന്ന മിഥ്യാ ധാരണ തിരുത്താന്‍ സ്‌റ്റോഗിനു കഴിഞ്ഞു. വളരെപ്പെട്ടന്നു തന്നെ ജാഗരൂകരായ ലീനക്‌സ് സമൂഹം സ്‌റ്റോഗ് ഭീഷണിയെ പ്രതിരോധിച്ചു.
ബ്ലിസ് വൈറസ്
1997 ല്‍ കണ്ടെത്തിയ ഒരു പ്രമുഖ ലിനക്‌സ് വൈറസ് ആണ് ബ്ലിസ് . ആരാണ് ബ്ലിസ് പ്രോഗ്രാമിനു പിന്നില്‍ എന്ന് വ്യക്തമായി അറിവില്ലെങ്കിലും, വെറും ഒരു കൗതുകത്തിനപ്പുറമുള്ള ലക്ഷ്യങ്ങളൊന്നും ഇതിനുണ്ടായിരുന്നില്ല എന്നാണ് കരുതപ്പെടുന്നത്. ലീനക്‌സിനകത്ത് കയറിക്കൂടാനായെങ്കിലും ലീനക്‌സിലെ യൂസര്‍ പ്രിവിലേജിലുള്ള പ്രത്യേകതകള്‍ കാരണം പടര്‍ന്നു പിടിക്കാന്‍ ബ്ലിസ്സിനു കഴിഞ്ഞില്ല. പ്രമുഖ ആന്റിവൈറസ് നിര്‍മാതാക്കളായ മക്കഫീ 1997 ഫെബ്രുവരി 5 ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ, തങ്ങളാണ് ബ്ലിസ് വൈറസിനെ കണ്ടെത്തിയതെന്ന് അവകാശപ്പെട്ടു. പക്ഷേ 1996 സപ്തംബറില്‍ തന്നെ ബ്ലിസ്സിന്റെ ആല്‍ഫാ പതിപ്പ് കമ്പ്യൂട്ടര്‍ സെക്യൂരിറ്റി യൂസ്‌നെറ്റ് ഗ്രൂപ്പില്‍ ലഭ്യമാക്കിയിരുന്നു.
ലീനക്‌സ് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റിലൂടെ കളികളില്‍ ഏര്‍പ്പെട്ടതാണ് ബ്ലിസ്സിന്റെ കടന്നു കയറ്റത്തിനു കാരണം എന്ന് മക്കഫീ അനുമാനിക്കുന്നു (പ്രധാനമായും ഡൂം എന്ന കളി). ഇത്തരം കളികള്‍ക്കായി റൂട്ട് യൂസര്‍ പ്രിവിലേജ് ആവശ്യമായിരുന്നു. എക്‌സിക്യൂട്ടബിള്‍ ഫയലുകളെ ആക്രമിച്ച് അവയില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു ബ്ലിസ് ചെയ്തിരുന്നത്. ഇതിനെത്തുടര്‍ന്ന് മക്കഫീ ആദ്യത്തെ ലിനക്‌സ് വൈറസ് സ്‌കാനര്‍ പ്രോഗ്രാം തയ്യാറാക്കുകയും സൗജന്യമായി വിതരണം ചെയ്യുകയുമുണ്ടായി.
കൈടെനും റെക്‌സോബും
(ലിനക്‌സ് ട്രോജന്‍ വൈറസ്സുകള്‍)
2006 ഫെബ്രുവരി 14 നു കണ്ടെത്തിയ ലിനക്‌സ് ട്രോജന്‍ വൈറസ് ആണ് കൈടെന്‍. ഉപയോക്താക്കളെ കബളിപ്പിച്ച് കടന്നു കൂടി തുടര്‍ ആക്രമണങ്ങള്‍ക്കു പഴുതുകള്‍ തുറക്കുന്ന വൈറസ് ആയിരുന്നു കൈടെന്‍. അതായത് വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകള്‍ക്കു മേല്‍ വിദൂര നിയന്ത്രണത്തിലൂടെ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഡിസ്ട്രിബ്യൂട്ടഡ് ഡിനൈല്‍ സര്‍വ്വീസിലൂടെ വെബ് സെര്‍വ്വറുകളെ താറുമാറാക്കാനും ഒക്കെ കഴിയുമായിരുന്നു. 2007 ജൂലായില്‍ ആണു റെക്‌സോബ് ട്രോജനെ കണ്ടെത്തിയത്. കൈടെന്നിനു സമാനമായ സ്വഭാവ സവിശേഷതകള്‍ തന്നെയായിരുന്നു റെക്‌സോബിനും
എസ്/ബി ബാഡ് ബണ്ണി
2007ല്‍ ഓപ്പണ്‍ ഓഫീസ് ഓര്‍ഗ് അപ്ലിക്കേഷനിലെ ഒരു സുരക്ഷാപഴുതിലൂടെ പരന്ന മള്‍ട്ടി പ്ലാറ്റ്‌ഫോം വൈറസ് ആണ് ബാഡ് ബണ്ണി. ലിനക്‌സിനെയും മാക്കിനേയും വിന്‍ഡോസിനേയും ഈ വൈറസ് ബാധിക്കുകയുണ്ടായി. ഇന്റര്‍നെറ്റ് റിലേ ചാറ്റ് പ്രോഗ്രാമുകളായ mIRC , X-Chat തുടങ്ങിയവയിലൂടെയായിരുന്നു ഈ വൈറസ് സംക്രമിച്ചിരുന്നത്.
സ്‌ക്രീന്‍ സേവര്‍ വൈറസ്
2009-ല്‍ വാട്ടര്‍ ഫാള്‍ എന്ന സ്‌ക്രീന്‍ സേവറിന്റെ പേരില്‍ ഉബുണ്ടു ലീനക്‌സില്‍ കടന്നു കൂടിയ ട്രോജന്‍ വൈറസാണ് സ്‌ക്രീന്‍ സേവര്‍ വൈറസ്. ഈ വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട കമ്പ്യൂട്ടറുകള്‍ വെബ്‌സൈറ്റുകളെ തകര്‍ക്കാനുള്ള ഡിസ്ട്രിബ്യൂട്ടഡ് ഡിനൈല്‍ സര്‍വ്വീസ് ആക്രമണങ്ങള്‍ക്കായുള്ള കണ്ണികളായി പ്രവര്‍ത്തിക്കുമായിരുന്നു. അനേകായിരം കമ്പ്യൂട്ടറുകള്‍ ഒരേ സമയം ഒരു സെര്‍വ്വറിലേയ്ക്ക് ഡാറ്റാ പായ്ക്കറ്റുകള്‍ അയച്ച് ഓവര്‍ ലോഡാക്കുന്ന തന്ത്രമാണ് ഡിനൈല്‍ ഓഫ് സര്‍വ്വീസ്. ഈ വൈറസ് mmowned.com എന്ന സൈറ്റിനെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയായിരുന്നു ഉണ്ടാക്കിയത്. പക്ഷേ തക്ക സമയത്ത് വേണ്ട മുന്‍കരുതലുകള്‍ എടുക്കാനായതിനാല്‍ വൈറസിന് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.
കൂബ് ഫേസ് വൈറസ്
കൂബ് ഫേസ് എന്ന ക്രോസ് പ്ലാറ്റ്‌ഫോം വൈറസിന്റെ ആദ്യ പതിപ്പുകള്‍ വിന്‍ഡോസിനെയും മാക്കിനേയും ആയിരുന്നു ലക്ഷ്യമാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഒരു പതിപ്പ് ലിനക്‌സ് ലിനക്‌സിനെയും നോട്ടമിട്ടു. സൗഹൃദക്കൂട്ടായ്മകളിലൂടെ 'Is it you in this video?' എന്ന പേരില്‍ ലഭിക്കുന്ന വ്യാജസന്ദേശങ്ങളില്‍ ക്ലിക് ചെയ്യുന്നവര്‍ ഒരു വ്യാജ യൂ ട്യൂബ് പേജില്‍ എത്തപ്പെടുകയും പ്രസ്തുത പേജില്‍ കാണുന്ന വീഡിയോ തംബ്‌നെയിലില്‍ അമര്‍ത്തിയാല്‍ ഒരു ജാവ അപ്‌ലെറ്റ് തുറക്കപ്പെടുകയും ചെയ്യുന്നു. ക്രോസ് പ്ലാറ്റ്‌ഫോം അപ്ലിക്കേഷനായ ജാവയിലെ 'റിമോട്ട് കോഡ് എക്‌സിക്യൂഷന്‍' എന്ന സുരക്ഷാപഴുത് മുതലെടുത്ത് കമ്പ്യൂട്ടറിലേയ്ക്ക് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടൂകയും ചെയ്യുന്നു. ഇത്തരത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന വൈറസ് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പ്രസ്തുത അക്കൗണ്ടുകളിലെ സൗഹൃദക്കണ്ണികളിലൂടെ മറ്റു കമ്പ്യൂട്ടറുകളിലേയ്ക്ക് പകരുന്നു. മാത്രമല്ല വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകള്‍ വിദൂരനിയന്ത്രിത കമ്പ്യൂട്ടര്‍ ശൃംഖലകളുടെ കണ്ണികളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ഈ വൈറസ് കൂബ്‌ഫേസിന്റെ ഒരു പതിപ്പാണെന്നും അതല്ല പുതിയ ഒരു വൈറസ് ആണെന്നുമൊക്കെയുള വാദങ്ങള്‍ നിലനില്‍ക്കുന്നു. പ്രമുഖ സെക്യൂരിറ്റി സോഫ്ട്‌വേര്‍ നിര്‍മാതാക്കളായ സിമന്റ്‌ടെക് ഇതിനെ Trojan.Jnanabot എന്ന പേരിലാണ് കണ്ടെത്തിയിരിക്കുന്നത്.
വിന്‍ഡോസ്, മാക് കമ്പ്യൂട്ടറുകളെ വളരെ ഗുരുതരമായി ബാധിച്ച ഈ വൈറസിന് ലിനക്‌സില്‍ കാര്യമായ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. കാരണം വൈറസ് ലിനക്‌സ് യൂസറുടെ ഹോം ഡയറക്ടറിയിലേയ്ക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടാലും കമ്പ്യൂട്ടര്‍ റീബൂട്ട് ചെയ്യുന്നതുവരെ മാത്രമേ പ്രവര്‍ത്തനശേഷി ഉണ്ടായിരുന്നുള്ളു. അതായത് കൂബ്‌ഫേസിന്റെ പ്രവര്‍ത്തനം ലീനക്‌സില്‍ താത്കാലികം മാത്രമായിരുന്നു. ഇതുകൊണ്ടു തന്നെ കൂബ് ഫേസ് പ്രോഗ്രാമര്‍ യഥാര്‍ത്ഥത്തില്‍ ലീനക്‌സിനെ ലക്ഷ്യമാക്കിയിരുന്നില്ലെന്നും അങ്ങിനെ ആയിരുന്നെങ്കില്‍ ഒരു സ്റ്റാര്‍ട്ട് അപ് എന്‍ട്രി കൂടി വൈറസ് കോഡിനോടു ചേര്‍ക്കുക വലിയ വിഷമകരമായ ജോലി ആയിരുന്നില്ലെന്നും ജാവ എന്ന ക്രോസ് പ്ലാറ്റ് ഫോം അപ്ലിക്കേഷന്റെ പ്രത്യേകത കൊണ്ടു മാത്രം ലീനക്‌സിനെ ബാധിച്ചതാകാം എന്നും വിലയിരുത്തപ്പെടുന്നു. ജനപ്രിയ ഗ്‌നു ലീനക്‌സ് പതിപ്പുകളാണ് ഈ വൈറസിന് ഇരയായത്.
പ്രമുഖ ഡെസ്‌ക്ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റമായ ആപ്പിള്‍ മാക്, മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ സിമ്പിയന്‍, ആന്‍ഡ്രോയ്ഡ് തുടങ്ങിയവയിലെ വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത ഭാഗത്തില്‍.
No comments:
Post a Comment