Thursday, June 2, 2011

Thakazhi and katha ref mathrubhumi by MT

ഇരുപത്തിയഞ്ച് വയസ്സുമുതല്‍ എനിക്ക് തകഴിയുമായി നേരിട്ട് പരിചയമുണ്ട്. അന്നു മുതല്‍ക്കേ കാത്തച്ചേച്ചിയെയും അറിയാം. ആലപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളിലൊക്കെ പോകുമ്പോള്‍ തകഴിയുടെ വീട്ടില്‍ കയറുക പതിവായിരുന്നു. ഒരുനേരത്തെ ആഹാരവും അവിടെനിന്ന് കഴിച്ചിട്ടാണ് പോവുക. ആഹാരം കഴിക്കണമെന്നതില്‍ കാത്തച്ചേച്ചിക്ക് പ്രത്യേക നിര്‍ബന്ധംതന്നെയുണ്ട്. ഹോട്ടലില്‍നിന്ന് കഴിച്ചാല്‍ വയറുകേടാവും എന്ന ഉപദേശവും നല്‍കും.

ഇന്ത്യാ ഗവണ്മെന്റിനു വേണ്ടി തകഴിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുക്കാന്‍ 15 ദിവസം അമ്പലപ്പുഴയില്‍ താമസിച്ചകാര്യവും ഓര്‍മയില്‍ വരുന്നു. ഞങ്ങള്‍ മുപ്പതോളം ആളുകള്‍ ഉണ്ടായിരുന്നു. ഇത്രയും ആളുകള്‍ക്ക് ഭക്ഷണമുണ്ടാക്കുന്നതിനെക്കുറിച്ചായിരുന്നു കാത്തച്ചേച്ചിയുടെ ചിന്ത. ഹോട്ടലില്‍ ആഹാരം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞു. അപ്പോള്‍ കാത്തച്ചേച്ചിക്ക് ഒരുനിര്‍ബന്ധം ' വാസു ഇവിടെനിന്ന് കഴിച്ചാല്‍ മതി' . ആനിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു.

ഒരുദിവസം കുടുംബാംഗങ്ങളെ മുഴുവന്‍ ഉള്‍പ്പെടുത്തി ഷൂട്ട് ചെയ്യാന്‍ ഞങ്ങള്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി. ഒരുപേരക്കുട്ടി പക്ഷേ, അന്ന് ഹോങ്‌കോങ്ങിലായിരുന്നു. അത് കാത്തച്ചേച്ചിക്ക് വലിയ വിഷമമായി. ആ കുട്ടി ഇല്ലല്ലോ എന്ന ദുഃഖമായിരുന്നു അവര്‍ക്ക്. ആ കുടുംബം അങ്ങനെയാണ്. അച്ഛനമ്മമാരും മക്കളും ചെറുമക്കളുമെല്ലാം പരസ്?പരം സ്‌നേഹത്തോടെ ഒരൊറ്റ കുടുംബമായി കഴിയുന്നു. അവരെ പരസ്?പരം ബന്ധിപ്പിച്ചിരുന്നത് കാത്തച്ചേച്ചിയായിരുന്നു. നിശ്ശബ്ദയായി പ്രവര്‍ത്തിച്ച ഒരു കുടുംബിനിയായിരുന്നു അവര്‍. തകഴിയുടെ പ്രശസ്തിയിലോ വലുപ്പത്തിലോ ഒന്നും ശ്രദ്ധിക്കാതെ അദ്ദേഹത്തിന്റെ രചനകളിലോ മറ്റ് പ്രവര്‍ത്തനങ്ങളിലോ ഇടപെടാതെ അവര്‍ കഴിഞ്ഞു. അങ്ങനെയൊരു കുടുംബിനിയെ വേറെ കണ്ടെത്തുക എളുപ്പമല്ല.

തകഴിയെ പിശുക്കനെന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. അതുപക്ഷേ ഗ്രാമീണനായ കൃഷിക്കാരന്റെ പിശുക്കുമാത്രമായിരുന്നു. പത്തുരൂപ ചോദിച്ചാല്‍ തന്നുകൊള്ളണമെന്നില്ല. എന്നാല്‍, തേങ്ങയോ നെല്ലോ എത്രവേണമെങ്കിലും കൊടുക്കും. എനിക്ക് തേങ്ങയും നെല്ലുമൊക്കെ തന്നിട്ടുള്ള എത്രയോ സന്ദര്‍ഭങ്ങളുണ്ട്. എല്ലാറ്റിനും താങ്ങായി കാത്തച്ചേച്ചിയുമുണ്ടാവും. വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റ് ചായകുടിച്ച് ജോലിയില്‍ വ്യാപൃതനാകുന്ന തകഴിയുടെ ഓരോ ചെറിയ ആവശ്യങ്ങളും അവര്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരുന്നു. അദ്ദേഹത്തിന് പ്രമേഹം മൂര്‍ധന്യത്തില്‍ നിന്ന വേളകളില്‍ പരിപാടികള്‍ക്ക് പോകുമ്പോള്‍ 11 മണിക്കുതന്നെ ഊണു കഴിപ്പിക്കണമെന്ന് എന്നോട് പ്രത്യേകം പറയുമായിരുന്നു. അവര്‍ തമ്മില്‍ വഴക്കിടുന്നത് ചെറിയചെറിയ കാര്യങ്ങളിലാണ്.ചിലപ്പോള്‍ ഏതെങ്കിലും പുസ്തകം വച്ചസ്ഥലത്തു കാണാത്തതുകൊണ്ടായിരിക്കും വഴക്കിടുക. അതു കണ്ടെടുക്കുന്നതോടെ കാത്തച്ചേച്ചി നിശ്ശബ്ദമായൊരു ചിരിയോടെ സ്വന്തം പ്രവൃത്തികളിലേക്ക് മടങ്ങും. അസൂയ തോന്നുന്നതും ഹൃദയത്തെ സ്?പര്‍ശിക്കുന്നതുമായ ബന്ധമായിരുന്നു അവര്‍ തമ്മില്‍. വീട്ടിലെ എല്ലാജോലിയും കാത്തച്ചേച്ചി ഒറ്റയ്ക്കായിരുന്നു ചെയ്തിരുന്നത്. തികച്ചും ലാളിത്യമാര്‍ന്നതായിരുന്നു ആ ജീവിതം. അവരുടെ വേഷംപോലും അങ്ങനെ ആയിരുന്നു. തകഴിയുടെ ജീവിതത്തിലുടനീളം ഒരു നിശ്ശബ്ദ സ്വാധീനമായിരുന്നു കാത്തച്ചേച്ചി.

തകഴിയുടെ വേര്‍പാടിനുശേഷം ഒരുതവണ കാത്തച്ചേച്ചിയെ കണ്ടിരുന്നു. ഒരുപരിഭവവും കൂടാതെയാണ് അന്നും സംസാരിച്ചത്. ജീവിതത്തിലുടനീളം അവര്‍ അങ്ങനെയായിരുന്നു.

കാത്ത -ഓര്‍മ്മചിത്രങ്ങള്‍
മെയ്യില്‍ പാതിയല്ല, തകഴിയുടെ ആത്മാവില്‍ പാതി
കഥാവശേഷരുടെ ഓര്‍മ പങ്കിടാന്‍ ഇനി കാത്തച്ചേച്ചിയില്ല



Go To Top

No comments: